
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമാബാദിൽ നടന്ന അമേരിക്ക–ഇറാൻ ചർച്ചകൾ ഫലപ്രദമാകാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഉചിതമായ സമയത്ത് ഇറാനെ ഇല്ലാതാക്കുമെന്നും ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.
കടലിടുക്കിലൂടെ പ്രവേശിക്കാനോ പുറത്തേക്കുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും നിയന്ത്രണ വിധേയമാക്കുമെന്നും, സമാധാനപരമായി സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടാകുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ ചില വിഷയങ്ങളിൽ പുരോഗതി ഉണ്ടായെങ്കിലും, സ്വന്തം ആണവ പദ്ധതികളിൽ നിന്ന് പിന്മാറാൻ ഇറാൻ തയ്യാറായില്ലെന്ന് ട്രംപ് ആരോപിച്ചു.
ഇതിനിടെ, ഇറാന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ചൈന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ‘മാൻപാഡ്സ്’ എന്നറിയപ്പെടുന്ന പോർട്ടബിൾ മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് കൈമാറാൻ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് ചൈനയുടെയോ ഇറാന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.











